ഇരുണ്ട മേഘ പാളികള്‍ക്കിടയിലൂടെ മുങ്ങാം കുഴിയിടുന്ന വിമാനത്തിന്‍റെ അസുകകരമായ കുലുക്കം. ഇറങ്ങാനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. ഏറെ നേരമായിരിക്കുന്നു മുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട്. കാലാവസ്ഥ മോശമാണത്രെ. മഴ തകര്‍ത്തു പെയ്യുന്നുണ്ട്. ഒരുപക്ഷെ തിരിച്ചു വേറെ എവിടെയെങ്കിലും കൊണ്ടിറക്കുമൊ എന്നും അറിഞ്ഞുകൂട. ഹൊ ഓരോ നിമിഷത്തിനും ഓരോ ദിവസത്തിന്‍റെ ൈദര്‍ഗ്യം തോന്നുന്നു. വീര്‍പ്പുമുട്ടലിനു വിരാമമിട്ടുകൊണ്ട് ഒരു വലിയ ഉലച്ചിലോടെ വിമാനം റണ്‍വേയിലിറങ്ങി. ബ്രീഫ് കേസു മെടുത്ത് അയാള്‍ വേഗത്തില്‍ പുറത്തു കടന്നു. കള്ളകര്‍ക്കിടകത്തിന്‍റെ രൌദ്രദയുമായി അന്തരീഷം മൂടിക്കെട്ടി നില്‍ക്കുന്നു. തെല്ലൊരു അപരിചിതത്വത്തോടെ അയാള്‍ ചുറ്റും കണ്ണോടിച്ചു. എന്തേ ഇന്ന് സ്വീകരിക്കുവാന്‍ ആരെയും കാണുന്നില്ല ? ദൂരെ നിന്ന് ആരോ ഒരാള്‍ കൈ വീശി. ആളെ മനസ്സിലായില്ല. ഒരുപക്ഷെ വിമാനത്താവളങ്ങളില്‍ സാധാരണ കാണുന്ന ഏതെങ്കിലും തരികിട കച്ചവടക്കരനാകും. വലിയ പുള്ളികുപ്പയമിട്ട ആ പയ്യന്‍ അടുത്തേക്ക് വരുന്നതു കണ്ടപ്പോള്‍ അയാള്‍കുള്ളില്‍ ചിരിപൊട്ടി. ഒരു ദേശത്തിന്‍റെ കഥയിലെ അവസാന ഭാഗമാണ് അപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മ വന്നത്. പിറന്നുവളര്‍ന്ന നാട്ടില്‍ അന്യനെ പോലെ നില്‍കുമ്പോള്‍ എതിരെ വരുന്ന ഊറാമ്പുലി കുപ്പയക്കാരനെ പോലെ. "ഉണ്ണിയേട്ടനല്ലേ ?" അയാള്‍ ചോതിച്ചു
"അതെ" "ഞാന്‍ കൈപ്പിള്ളിലെ നങ്ങേമെടെ മോന്‍"
ഓര്‍മയില്‍ തപ്പി. ഓ .. പണ്ട് വീട്ടിലെ അടിച്ചു തളിക്കരിയായിരുന്ന നങ്ങേമ.
"കണ്ടിട്ട് മനസ്സിലായില്ല. ഹരി ഇവിടെ ?"
"ഇപ്പോഴൊരു ടാക്സിയുമായിട്ടു നാട്ടില്‍ കൂടിയിരിക്കയാ. ചേട്ടനെ കൂട്ടി കൊണ്ടുചെല്ലാന്‍ വീട്ടീന്നു പറഞ്ഞു വിട്ടു. അവിടന്ന് ആര്‍ക്കും വരാന്‍ തരപ്പെട്ടില്ല. "
"ശ്യാമയും ?"
"ശ്യാമേടത്തിക്ക് നല്ല സുഖല്ല്യ"
"എന്തേ പെട്ടെന്ന്‍ ?"
"പേടിക്കാനൊന്നുമില്ല. ആപതിവുള്ള തലവേദന തന്നെ. പക്ഷെ രണ്ടു ദിവസം മുന്‍പ് അല്‍പം കൂടി.രാത്രി വണ്ടിക്കായിട്ട് വീട്ടില്‍ വന്നിരുന്നു. മെഡിക്കല്‍ കോളേജില്‍ കൊണ്ട് ചെന്നപ്പോള്‍ അഡ്മിറ്റ് ചെയ്തു. ഐസിയുവിലാണ്."
"ഹേ ഐസിയുവിലോ. അപ്പോള്‍-? ഹരീ നമുക്ക് നേരെ ആസ്പത്രിയിലേക്ക് വിടാം"
"അങ്ങനെ പരിഭ്രമിക്കാനോന്നുമില്ല" അയാളുടെ വാക്കിലെ പതറിച്ച കണ്ട് ഹരി ആശ്വസിപ്പിച്ചു. ലഗേജ് എങ്ങനേയൊ വണ്ടിയിലേക്കെടുത്തിട്ട് സീറ്റില്‍ ചെന്ന് വീണു. അയാളുടെ മാനസിക പിരിമുറുക്കം മനസ്സിലാക്കി ഹരി ഒന്നും മിണ്ടിയില്ല. അയാള്‍ പരമാവധി വേഗത്തില്‍ വണ്ടി വിട്ടു. ഈശ്വരാ ശ്യാമക്ക് - ഓര്‍ത്തപ്പോള്‍ കണ്ണില്‍ വെള്ളം നിറഞ്ഞു. ഈ തലവേദന അവളെ ശല്ല്യപ്പെടുത്താന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഒന്നുരണ്ടു തവണ അവധിക്കു ചെന്നപ്പോള്‍ ഡോക്ടറെ കാണിച്ചതാണ്. പക്ഷെ അവള്‍ ഉള്ളിലൊതുക്കുന്ന മാനസിക സംഘര്‍ഷം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ അങ്ങാടി മരുന്നുകള്‍ കൊണ്ട് മാറുന്നതല്ലെന്ന് അന്നേ തനിക്കറിയാമായിരുന്നു. ഒരു പക്ഷെ ഭയപ്പെട്ടിരുന്നതുപോലെ ഉള്ളിലൊതുക്കിയിരുന്ന ആ അഗ്നി പര്‍വതം ഇപ്പോള്‍ പുകയാന്‍ തുടങ്ങിക്കാണും. ഇക്കാരണംമൂലം കഴിഞ്ഞ തവണ അവധിക്കു വന്നപ്പോള്‍ ഇനിയൊരു തിരിച്ചുപോക്ക് വേണ്ടെന്ന് തീര്‍ത്തും ഉറപ്പിച്ചതാണ്. പക്ഷെ ശ്യാമയുടെ ഒറ്റ നിര്‍ബന്ധമായിരുന്നു പിന്നെയും ആ മണലാരണൃത്തിലേക്ക് പറക്കാന്‍ കാരണം. താന്‍ പോകുന്നില്ലെന്ന് ശാഠൃംപിടിച്ചപ്പോള്‍ അവള്‍ പറഞ്ഞു-
"ശ്ശേയ് ഇങ്ങനെ കൊച്ചു കുട്ടികളെപോലെ ആയാലോ. പത്തിരുപതുകൊല്ലം അവിടെ കിടന്നു നരകിച്ചു പ്രാരാബ്ധങ്ങള്‍ തീര്‍ത്തു സഹോദരങ്ങളെയൊക്കെ കരപറ്റിച്ചു ഇതൊക്കെയല്ലേ മറ്റു ഗള്‍ഫ്‌കാരെപോലെ ഉണ്ണിയേട്ടനും പറയാനുള്ളൂ"
അല്‍പം നിര്‍ത്തി തന്‍റെ നെഞ്ചില്‍ വിരലോടിച്ചുകൊണ്ടവള്‍ തുടര്‍ന്നു-
"ചേട്ടന്‍റെ വേദന എനിക്കറിയാം. എങ്കിലും മറ്റുള്ളവരുടെ ജീവിതമൊക്കെ കര പറ്റിയപ്പോള്‍ നമ്മളിപ്പോഴും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയല്ലേ ചേട്ടാ. ഇത്രയും കാലം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചതല്ലേ. ഇനി ഒരു രണ്ടുകൊല്ലം നമുക്കുവേണ്ടികൂടി നീക്കിവെച്ചുകൂടെ?"
"വയ്യ ശ്യാമേ-എനിക്കത്രമടുത്തു. നിന്‍റെ കാര്യമോര്‍ക്കുമ്പോള്‍-" ഉടനെ തന്‍റെ വായ് പൊത്തികൊണ്ടവള്‍ തുടര്‍ന്നു "അങ്ങനെ പറയരുത്. വെറും കയ്യോടെ ഒരുജീവിതം തുടങ്ങി നാളെ ചേട്ടന്‍ ഒരിക്കലും പരിഹാസ്യനാകാന്‍ ഇടവരരുത്. പ്ലീസ് ഒരു രണ്ടു വര്‍ഷം കൂടി-"
മറുപടി ഇല്ലാതെ ആയിപ്പോയ നിമിഷങ്ങള്‍. ഭാവം മാറ്റി വീണ്ടും അവള്‍ തുടര്‍ന്നു-
എന്താണ് വടക്കേടത്ത് ഉണ്ണിക്കുട്ടന്‍ തമ്പുരാന്‍ ഇത്ര ആലോചിക്കുന്നത്? ഒന്നും ആലോചിക്കാനില്ല. യു മസ്റ്റ് ഒബെ. ഒ കെ ? പിന്നെ ഒരു കാര്യം. രണ്ടു വര്‍ഷത്തേക്ക് എനിക്ക് ഒരു കത്ത്പോലും അയച്ച് ൈപസ അനാവശ്യമായി ചിലവിടരുത്. രണ്ടു വര്‍ഷം തികഞ്ഞാല്‍ പിറ്റേന്ന് രാവിലെ വിമാനത്താവളത്തില്‍ ഞാന്‍ കാത്തുനില്‍പ്പുണ്ടാകും. അന്നുമുതല്‍ നമ്മുടെ ഹണിമൂണ്‍-"
അത് പറഞ്ഞവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിച്ചിരിച്ചു- നനവാര്‍ന്ന ചിരി. നിഷേധിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും ഏതു കാര്യത്തിലാണ് തനിക്കവളെ നിഷേധിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പ്രഥമ രാത്രിയില്‍ തന്നെ ആ അടിയറവു തുടങ്ങിയതല്ലേ.. അന്ന് ഒരു മണവാട്ടിയായി അവള്‍ ആദ്യം വീട്ടില്‍ കയറിവന്ന ദിവസം. പ്രഥമ രാത്രിയിലെ ഏതോ കുസ്റ്‌തിയുടെ നിമിഷത്തില്‍ ടൈംപീസ് കയ്യിലെടുത്ത് കളിയായി അവളോട് പറഞ്ഞു.
"അലാറം വക്കണം. ഗള്‍ഫ്‌കാരന് അലാറം വെച്ചുള്ള മധുവിധുവേ ഉള്ളു. റിട്ടേണ്‍ ടിക്കറ്റ് കണ്‍ഫേമ്ടാ"
"അതിനെന്താ- ഇനിമുതല്‍ ആ അലാറം ഞാനായാല്‍പോരെ? പക്ഷെ ഒരു കാര്യം. അലാറത്തിന് രണ്ടു വശമുണ്ട്. ഒരുവശത്ത് അത് ഉറക്കമുണര്‍ത്തുന്നതോടൊപ്പം മറുവശത്ത് അത് ഉറക്കം കളയുക കൂടി ചെയ്യും"
ഹൊ എത്രയോ സാര്‍ഥകമായ വാചകം. അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവള്‍ കുടുംബത്തിന്‍റെയും തന്‍റെയും ഉണര്‍ത്തുപാട്ടവുകയായിരുന്നു. ആദ്യമൊക്കെ അംഗസംൃ കൂടുതലുള്ള ഒരു ദരിദ്ര കുടംബത്തിലെ സ്നേഹനിധിയായ വീട്ടമ്മ റോള്‍ ആയിരുന്നു അവള്‍ക്ക്. കോളേജില്‍ പോയിക്കൊണ്ടിരിക്കുന്ന വിവാഹ പ്രായമെത്തിയ നാല് സഹോദരിമാര്‍, മെഡിക്കല്‍ സീറ്റിനായി ലക്ഷത്തിന്‍റെ കണക്കും പറഞ്ഞ് പുറകെ നടക്കുന്ന സഹോദരന്‍, ജീവിത ഭാരം ചുമന്ന്‍ അവശരായ നിത്യ രോഗികളായ മാതാപിതാക്കള്‍, എത്ര അദ്ദ്വാനിച്ചിട്ടും ആവശ്യങ്ങളും വരുമാനവുമായി സമരസപ്പെടുത്തി കൊണ്ടുപോകാന്‍ കഴിയാതെ പാടുപെടുന്ന താന്‍. എന്നാല്‍ ഇതെല്ലാം അതി വയ്ദഗ്ത്യത്തോടെ സ്വയം ഏറ്റെടുത്തു. ചുരുങ്ങേണ്ടതും ചുരുക്കേണ്ടതും സ്വന്തം സ്വകാര്യ ആവശ്യങ്ങള്‍ മാത്രമായി അവള്‍ കരുതി. അന്നൊക്കെ മണലാരണ്യത്തില്‍ കിടന്ന് താന്‍ വീര്‍പ്പ് മുട്ടുമ്പോള്‍ ആശ്വാസമേകിയിരുന്നത് ഇടയ്ക്കിടെ അവളില്‍ നിന്നെത്തുന്ന കത്തുകളായിരുന്നു. വീട്ടില്‍ നിന്നുള്ള എഴുത്തില്‍ എപ്പോഴും ആവശ്യങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും നീണ്ട പട്ടികയുണ്ടാകും. എന്നാല്‍ അവളുടെ കത്തുകള്‍ മനോഹരമായ കവിത പോലെ വീണ്ടും വീണ്ടും ആര്‍ത്തിയോടെ വായിച്ചു പോകുന്ന തരത്തിലായിരുന്നു. ആവശ്യങ്ങളും വിഷമങ്ങളും മധുര നൊമ്പരം പോലെ അവള്‍ എഴുതുമെങ്കിലും അറിയാതെപോലും കുറ്റപ്പെടുത്തലി ന്‍റെയൊ , പരിഭവത്തിന്‍റെയൊ ഒരു വാക്കുപോലും ഒരിക്കലും അതില്‍ കടന്നു വരാറില്ലായിരുന്നു. അതോടൊപ്പം തന്‍റെതായ സ്വകാര്യ ദുഃഖങ്ങളും ആവശ്യങ്ങളും. കൂടുതല്‍ മാനസിക സംഘര്‍ഷമുണ്ടാകുമ്പോള്‍ അവളുടെ കത്തുകള്‍ കൂടുതല്‍ കൂടുതല്‍ നര്‍മ്മത്തില്‍ കുതിരുകയായിരുന്നു പതിവ്. ഈശ്വരാ ഇതെന്തൊരു സൃഷ്ടിയെന്ന് താനന്ന് ആശ്ചര്യപ്പെട്ടു പോകാറുണ്ട്.
"ഉണ്ണിയേട്ടന്‍ ശ്യാമേച്ചിയുടെ അസുഖവിവരം അറിഞ്ഞു പുറപ്പെട്ടതായിരിക്കും അല്ലെ- ?" ഹരിയുടെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത് "അല്ല-അങ്ങനെ പ്രത്യേകിച്ച് ഒരു വിവരവുമില്ലായിരുന്നു. പെട്ടെന്ന് ഒന്ന് പോരണമെന്ന് തോന്നി. അത്ര തന്നെ"
"ഒരു തരം ടെലിപ്പതി പോലെ ആയല്ലോ" ഹരി ചിരിച്ചു
ശരിയാണ്. അല്ലെങ്കിലും ശ്യാമയുടെ മനസ്സ് ഒരു വേള അവളേക്കാളേറെ അറിയുന്നത് തനിക്കല്ലേ. അതിന്‍റെ അതോടൊപ്പം അതിന്‍റെ സുതാര്യത എത്രയോ തവണ തന്നെ വിസ്മയപ്പെടുത്തിയിരിക്കുന്നു. അങ്ങനെ വിസ്മയം പൂണ്ട ഏതോ ഒരു സ്വകാര്യ നിമിഷത്തിലായിരുന്നല്ലൊ താനവളോട് ചോതിച്ചത്- പണ്ടെന്നോ മുജ്ജന്മത്തില്‍ താന്‍ മനുസ്മൃതിയുടെ ഭാര്യയായിരുന്നിട്ടുണ്ടോ എന്ന്. ആ ചോദ്യത്തിലെ കുസൃതി മണത്തറിഞ്ഞ അവള്‍ ഉടനെ പറഞ്ഞു -
"വേണ്ടാ മണിയടിയൊന്നും വേണ്ടാ-"
"അല്ല ശ്യാമേ മനുസ്മൃതിയിലെ ആ ഭാര്യാ സങ്കല്പമുണ്ടല്ലോ-" അതു മുഴുവനാക്കാന്‍ അവള്‍ സമ്മതിച്ചില്ല.
"വേണ്ടാ സ്ത്രീകളെ ഇങ്ങനെ പൊക്കി പറയരുത്. ജനം അവര്‍ക്കൊരു പേരിടും-ഹെന്‍ പെക്ക്ട് ഹസ്ബന്‍ഡ്"
മറുപടിയായി വെറുതെ ചിരിക്കാനേ കഴിഞ്ഞുള്ളൂ. പുറത്തുപറയാന്‍ നീണ്ട പത്തുപതിനെട്ടു വര്‍ഷത്തെ ദാമ്പത്യജീവിതമുണ്ട്. പക്ഷെ അതില്‍ ഒരുമിച്ചു കഴിഞ്ഞിട്ടുള്ളത് എത്രയോ കുറഞ്ഞ ദിവസങ്ങള്‍ മാത്രം. യവ്വനത്തിന്‍റെ നാളുകളില്‍ വേഴാമ്പലിനെപ്പോലെ വര്‍ഷം മുഴുവന്‍ കാത്തിരുന്നു വീണുകിട്ടുന്ന ചുരുങ്ങിയ വാര്‍ഷികാവധിക്ക് നാട്ടിലെത്തും. പക്ഷെ നൂറു നൂറു പ്രശ്നങ്ങളായിരിക്കും അപ്പോള്‍ തന്നെ കാത്തിരിക്കുന്നുണ്ടാകുക. സഹോദരിമാരുടെ വിവാഹം സാമ്പത്തിക കാര്യങ്ങള്‍ മറ്റു കുടുംബ പ്രശ്നങ്ങള്‍ ഇങ്ങനെ ഒട്ടനവധി. ഈ തിരക്കിനിടയില്‍ സങ്കടങ്ങളും വിശേഷങ്ങളുമായി ഓടിയെത്തുന്ന ബന്ധുമിത്രാദികള്‍- ആ സാഹചര്യത്തില്‍ പലപ്പോഴും പലരോടും ആ പഴയ ചെങ്ങാത്തം അതേപടി പുതുക്കാന്‍ കഴിയാറില്ല. അതോടെ ഗള്‍ഫുകാരന്‍റെ ജീവിതത്തിലെ അനിവാര്യമായ ആ 'ഒറ്റപ്പെടല്‍' ആ 'അന്യത്വം' തന്‍റെ കാര്യത്തിലും തുടങ്ങി. അത് സ്വന്തം കുടുംബാംഗങ്ങള്‍ക്കിടയിലേക്കും ഒരുതരം ഔപചാരികതയുടെ പരിവേഷത്തോടെ കടന്നു വരാന്‍ തുടങ്ങിയപ്പോള്‍ മനസ്സ് നൊന്തു. ശ്യാമയിലേക്കുപോലും അത് പകരുന്നെന്നു തോന്നിയപ്പോള്‍ ഒരു ദിവസം അവളോട് വെറുതെ പറഞ്ഞു-
"പിന്നേയ്, തന്നെ പകലൊക്കെ ഒന്നടുത്തുകിട്ടണമെങ്കില്‍ അപ്പോയിന്‍മെന്‍റ് ഫിക്സ് ചെയ്യേണ്ട സ്ഥിതിയാണല്ലോ. പതിനായിരക്കണക്കിനു രൂപേം മുടക്കി ഇവിടെ വരുന്നതേയ് പകല്‍ വെട്ടത്ത് തന്നെ ഒന്നു മര്യാദക്കു കാണാന്‍ കൂടിയാ"
കളിഭാഷയിലായിരുന്നു അവളുടെ മറുപടി-
"താങ്കളുടെ മഹാമനസ്കതയില്‍ വളരെ നന്ദിയുണ്ട് ആര്യപുത്രാ. പക്ഷെ ക്ഷമിക്കണം. താങ്കളുടെ ആവശ്യം പരിപൂര്‍ണമായ തോതില്‍ അനുവദിക്കുവാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുന്നതില്‍ ഖേദിക്കുന്നു-"
"കാരണം ?"
"പഠിക്കുന്ന കാലത്ത് അങ്ങൊരു തീവ്രവാദി അല്ലായിരുന്നോ-?"
"എന്തേ ?"
"കുടുംബത്തിലെല്ലാരും തന്നെ ആ വശം അല്‍പസ്വല്‍പം ഉള്ളവരാണെന്നാണെന്‍റെ വിശ്വാസം- ശരിയല്ലേ ?"
"കാര്യം പറ പെണ്ണേ-"
"ഇപ്പം വയസ്സെത്രയായി ?"
"മുപ്പത്തി അഞ്ച്"
"കല്യാണം കഴിഞ്ഞിട്ട് ?"
"രണ്ട് "
"ഈ മുപ്പത്തിമൂന്നു വര്‍ഷവും മിസ്റ്റര്‍ ഉണ്ണിക്കുട്ടനെ നോക്കിയിരുന്നതാരാ? അമ്മയും സഹോദരിമാരും അല്ലായിരുന്നോ? മുപ്പത്തിമൂന്നു കൊല്ലത്തെ അവരുടെ സ്ഥാവര ജംഗമാവകാശങ്ങള്‍ ഇന്നലെ കയറിവന്ന ഞാന്‍ തട്ടിയെടുക്കാന്‍ ഒരുമ്പെടുന്നത് ശരിയാണോ കുട്ടാ ? പിന്നെ ഇവിടെ ഇങ്ക്വിലാബ് വിളിയും ധര്‍ണയുമൊക്കെ തുടങ്ങില്ലേ ? എന്തിനാ അതിനൊക്കെ വഴി വെക്കുന്നെ. നമുക്ക് ഇങ്ങനെയൊക്കെ പാത്തും പതുങ്ങിയുമൊക്കെ അങ്ങു കൂടാമെന്നേയ്. പിന്നെ ഈ കട്ടുതിന്നുന്നതിന്‍റെ സുഖം ഒന്നു വേറെയാണെന്ന് അറിഞ്ഞുകൂടെ- ?"
അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്കോടാന്‍ തുനിഞ്ഞു. വാരിപ്പിടിച്ച് അവളെ കിടക്കയിലേക്കിട്ടു. അന്നേരം നെഞ്ചില്‍ വിരലോടിച്ചു കൊണ്ടവള്‍ തുടര്‍ന്നു-
"ചേട്ടന്‍റെ വേദന എനിക്കറിയാം. വല്ലപ്പോഴുമൊരിക്കല്‍ നാട്ടിലെത്തുമ്പോള്‍ പോലും അങ്ങേക്കൊരു സ്വസ്ഥത കിട്ടുന്നില്ലെന്നറിയാഞ്ഞിട്ടല്ല. എന്തു ചെയ്യാന്‍ കഴിയും. നമുക്ക് നമ്മുടേതായ ഒരു ലോകം കിട്ടുന്നതുവരെ അല്‍പസ്വല്‍പം സ്വയം ചുരുങ്ങുന്നതല്ലേ നല്ലത് ?"
അതെ ആ ഒരു മനോഭാവമായിരുന്നു അവള്‍ക്കെല്ലാ കാര്യത്തിലും. എപ്പോഴും അവള്‍ തന്നിലേക്കു തന്നെ ചുരുങ്ങി. തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കായി ചിരിച്ചുകൊണ്ട് പങ്കുവെച്ചു. സ്വന്തം ജീവിതം പോലും. വളരെ അപൂര്‍വമായി മാത്രമേ അവളുടെ വാടിയ മുഖം തനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒരിക്കല്‍- നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് തോനുന്നു- സഹോദരിമാരെല്ലാം വിവാഹിതരായി സ്വന്തം താവളം തേടി പോയിരിക്കുന്നു. മെഡിസിന്‍ കഴിഞ്ഞ് ഒരു ക്ര്സ്ത്യാനി പെണ്ണിനേയും പരിണയിച്ച് അനുജന്‍ ബംഗളൂരുവില്‍ സ്വന്തം വഴി തിരഞ്ഞെടുത്ത് ജീവിതം നയിക്കുന്നു. ആ സമയത്താണ് ഒരു തവണ താന്‍ അവധിക്കു ചെന്നത്. ഒരിക്കല്‍ പതിവുപോലെ അവള്‍ തുടക്കമിട്ടു. "ഞാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലോ എന്ന് ആലോജിക്ക്യാ-"
"അയ്യോ ചതിക്കരുത്. എന്തേ ഇപ്പോഴിങ്ങനെ ഒന്നു തോന്നാന്‍ ?"
"വല്ലാത്ത ടെന്‍ഷനെന്നേയ്. നാത്തൂന്മാരും അനുജനുമൊക്കെ ഉണ്ടായിരുന്നപ്പോള്‍ പണിയും തമാശകളു മൊക്കെയായി സമയം പോയിരുന്നു. ഇപ്പോള്‍ രാമനാമോം ജപിച്ചു കഴിയുന്ന അച്ച്ചനെയും അമ്മയേയും പരിചരിച്ച് ഈ അടുക്കള സാമ്രാജ്യോം ഭരിച്ചോണ്ട് എങ്ങന്യാ സമയം തള്ളിനീക്ക്ആ-" ശബ്ദം താഴ്ത്തി അവള്‍ തുടര്‍ന്നു-
"ഓരോന്ന് ആലോചിച്ചിട്ടാന്ന്‍ തോന്നുന്നു തലവേദന ഒഴിഞ്ഞ നേരല്ല്യ"
ആ തലവേദന മറ്റൊരു ചുടു ചിന്തയുടെ കൂടി ബഹിര്‍ സ്ഫുരണമാണെന്ന് അവളെപ്പോലെ തനിക്കും അറിയാം. അനപത്യ ദുഃഖം. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവള്‍ക്ക് സ്വന്തമാക്കി സ്നേഹിക്കാന്‍ ഒരു കുഞ്ഞിനെ ഈശ്വരന്‍ തന്നില്ല. കുഞ്ഞുങ്ങളുടെ കാര്യം പറയുമ്പോഴേക്ക് അവളുടെ കണ്ണുകള്‍ നീരണിഞ്ഞ് നക്ഷത്രം പോലെ തിളങ്ങുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അവളുടെ കുറ്റം കൊണ്ടായിരുന്നില്ല. ഒരു ഭര്‍ത്താവെന്ന നിലയില്‍ താന്‍ ശ്യാമയോട് ചെയ്യുന്ന മഹാ അപരാധം. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനുശേഷവും ആ കൊച്ചു അതിഥിയെ കാണാതായപ്പോഴാണ് അന്ന് ഡോക്ടറെ കണ്ടത്. നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍ പറഞ്ഞു-
"കുട്ടികള്‍ ഉണ്ടാവാതിരിക്കേണ്ട കുഴപ്പമൊന്നും ഇരുവര്‍ക്കും ഇല്ല. പിന്നെ ഉണ്ണിക്ക് കൌണ്ട് അല്‍പം കുറവുണ്ട്. പക്ഷെ നിങ്ങള്‍ ഒന്നിച്ച് കുറച്ച് കാലം കഴിഞ്ഞാല്‍ തീര്‍ച്ചയായും സാദ്ധൃതയുണ്ട്. പക്ഷെ വയ്കുന്തോറും പ്രായവും കൂടുമെന്നോര്‍മ്മ വേണം"
ഇല്ല. ഡോക്ടറുടെ ആ ഉപദേശം പാലിക്കാന്‍ തനിക്കിതുവരെ കഴിഞ്ഞില്ല. സഹോദരിമാരുടെ വിവാഹങ്ങളും സഹോദരന്‍റെ മെഡിസിന്‍ പഠനവും ഭവന നിര്‍മ്മാണങ്ങളും മറ്റുമുണ്ടാക്കിയ രൂക്ഷമായ സാമ്പത്തിക ബാദ്ധൃത വര്‍ഷങ്ങള്‍ പലതും വീണ്ടും തന്‍റെ ജീവിതം ആ മണലാരണ്യത്തില്‍ തളച്ചിട്ടു.അവസാനം കഴിഞ്ഞ തവണ അവധിക്കു നാട്ടില്‍ വന്നപ്പോഴാണ് ഒരു ദിവസം തമാശരൂപത്തില്‍ അവള്‍ ആ വിഷയമെടുത്തിട്ടത്-
"നമ്മുടെ പോസ്റ്റ്മാന്‍ അച്ചുവേട്ടന് ഒരുപാട് പ്രായായീ ഇല്ലേ ഉണ്ണ്യേട്ടാ ?"
"ഉം എന്താ ?"
"അങ്ങേര്‍ക്ക് വല്ലാണ്ട് വയ്യണ്ടായിരിക്ക്ണു. നമ്മുടെ സര്‍വ്വീസില്‍ നിന്നെങ്കിലും പെന്‍ഷന്‍ കൊടുത്ത് അങ്ങേരെ പറഞ്ഞു വിടണ്ടേ-?"
"നീ വളച്ചുകെട്ടാതെ കാര്യം പറ പെണ്ണെ." "അല്ല- നമ്മുടെ ഈ തപ്പാല്‍ദാമ്പത്യം ചുമന്ന്‍ചുമന്ന്‍ ആ പാവം വല്ലാണ്ട് കഷ്ടപ്പെട്ണ്ണ്ട്-" അല്‍പം നിര്‍ത്തി സ്വരം മാറ്റി അവള്‍ തുടര്‍ന്നു-
"വയ്യ ഉണ്ണ്യേട്ടാ.ചേട്ടനോട് അവിടത്തെ ജോലി ഉപേഷിച്ചു പോരാന്‍ പറയാനുള്ള മൌഡൃം എനിക്കില്ല. എന്നാലും ഡോക്ടര്‍ അന്ന് പറഞ്ഞത്-"
"എല്ലാം എനിക്കറിയാം ശ്യാമെ. ഇല്ല ഇനി ഒരു തിരിച്ചു പോക്ക് ഇല്ല. നമ്മുടെ ബാദ്യതകള്‍ ഒക്കെ തീര്‍ന്നില്ലേ ? സമ്പാദ്യമൊന്നും ഇല്ലെങ്കിലും സ്വന്തമായൊരു ചെറിയ സ്ഥലവും അതിലൊരു കൊച്ചു വീടുമുണ്ട്. ഇനി നമുക്കൊന്നിച്ച് എങ്ങനെയെങ്കിലുമൊക്കെ അങ്ങു കഴിയാം. "
താനത് പറഞ്ഞ ഉടനെ അവളുടെ ഭാവം മാറി. "ശ്ശേ- അതൊക്കെ സിനിമയിലും കഥയിലുമൊക്കെ ചേര്‍ക്കാനെ കൊള്ളാവു. ഉണ്ണ്യേട്ടന്‍ മണ്ടത്തരം പറയാതെ. ഞാന്‍ സൂചിപ്പിച്ചെന്നേ ഉള്ളൂ-"
ആ സംസാരത്തിന്നൊടുവിലാണ് അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ട് വര്‍ഷം കൂടി ഗള്‍ഫില്‍ പിടിച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. തിരിച്ചെത്തി ഇപ്പോള്‍ കഷ്ടിച്ച് എട്ട് മാസം തികയുന്നേയുള്ളൂ. രണ്ടുദിവസം മുന്‍പ് പതിവുപോലെ വെറുതെ ആ ശബ്ദമൊന്നു കേള്‍ക്കാനുള്ള ആര്‍ത്തികൊണ്ട് ഫോണ്‍ ചെയ്തതാണ്. സംസാരത്തിനൊടുവില്‍ മടിച്ചു മടിച്ചവള്‍ പറഞ്ഞു-
"ഒരു കാര്യം പറഞ്ഞാല്‍ ചേട്ടന്‍ സാധിപ്പിച്ചു തരുമോ-?"
"എന്താ ?" തനിക്കാകാംഷയായിരുന്നു.
അവളാദ്യമായി ഇങ്ങോട്ട് ആവശ്യപ്പെടുന്ന ഒരു കാര്യം.. "എന്തോ എനിക്ക് ചേട്ടനെ ഒന്നു കാണാന്‍ കൊതി തോന്നുന്നു. കഴിയുമെങ്കില്‍-" ആ വാചകം മുഴുമിക്കാന്‍ കഴിയാതെ ഒരു തേങ്ങലോടെ അവള്‍ ഫോണ്‍ ബന്ധം വിച്ചേദിച്ചു. അമ്പരന്നു പോയി. അല്ല തളര്‍ന്നു എന്ന് പറയുന്നതാണ് ശരി. വീര്‍പ്പുമുട്ടലോടെ പിന്നീടെത്രയോ തവണ ശ്രമിച്ചു നോക്കി. പക്ഷെ അവളെ ഫോണില്‍ ലഭിച്ചില്ല. ഫോണ്‍ ചെയ്യാന്‍ പോലും മെനക്കെടാതെ അപ്പോള്‍ തന്നെ നാട്ടിലേക്ക് ചാടി പുറപ്പെടണമെന്നുണ്ടായിരുന്നു. എം ഡി ടൂറില്‍ ആയിരുന്നതുകൊണ്ട് മുള്ളില്‍ നില്‍ക്കുന്നത് പോലെയാണ് രണ്ടു ദിവസം കഴിച്ചു കൂട്ടിയത്. അദ്ദേഹം എത്തിയ ഉടനെ പത്തു ദിവസത്തെ എമര്‍ജന്‍സി ലീവിനെഴുതിക്കൊടുത് പുറത്തു ചാടി.
"ആ ഗ്ലാസല്‍പം കയറ്റിക്കൊള്ളൂ. ഉണ്ണിയേട്ടനാകെ നനഞ്ഞിരിക്കുന്നല്ലോ-"
ഹരിയുടെ സംസാരമാണ് വീണ്ടും സ്ഥലകാല ബോധ മുണ്ടാക്കിയത്. ശരിയാണ്. പുറത്ത് മഴ തിമിര്‍ത്തു പെയ്യുന്നു. ശക്തിയായ കാറ്റുമുണ്ട്. എന്തോ ട്രാഫിക് ജാമില്‍ കുടുങ്ങി വണ്ടി അരിച്ചരിച്ചു നീങ്ങുന്നു. "എന്ത് പറ്റീ ഹരീ. ആക്സിടെന്‍റ് ആണോ ?"
" മണലി പാലത്തിനടുത്തെത്തി. പാലം ഇടിഞ്ഞു പൊളിഞ്ഞു വീഴാറായിരിക്കുന്നു. ഒരു വണ്ടിക്കെ ഒരു സമയത്ത് പാലം കടക്കാന്‍ പറ്റൂ."
അതെ മണലി പുഴ നിറഞ്ഞൊഴുകുന്നു. അസ്ഥികൂടം പോലെ തോന്നിക്കുന്ന പാലത്തിന്‍റെ ഒരറ്റത്ത് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ് ബോര്‍ഡ്-"ഭാരമിറക്കി പോകുക" അതെ. ശരിയാണ്. ഭാരങ്ങളാണല്ലോ ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്. അത് ഇറക്കി വെക്കുകയാണ് നല്ലത്-എപ്പോഴും എല്ലാ കാര്യത്തിലും. പെട്ടെന്നാണ് ഒരു ഉള്‍വിളിപോലെ ഉണ്ണി എന്തോ ഓര്‍ത്തത്. ഉടനെ ബ്രീഫ്കേയ്സ് തുറന്ന് അയാള്‍ പാസ്പോര്‍ട്ട് കയ്യിലെടുത്ത് അതിലേക്കയാള്‍ ഒരു വല്ലാത്ത ഭാവത്തോടെ സൂക്ഷിച്ചു നോക്കി. അതെ ഇതാണ് ഇന്ന് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാരം. ഇനിയും ഒരു തിരിച്ചുപോക്കിന് ശ്യാമ നിര്‍ബന്ധിക്കും. വയ്യ. ഇനിയും അത് പാടില്ല. ഈ ഭാരം ഇവിടെ ഇറക്കുക തന്നെ. കൂടുതല്‍ ആലോചിച്ചില്ല ആ പാസ്പോര്‍ട്ട് ആ പുഴയിലേക്കയാള്‍ നീട്ടിയെറിഞ്ഞു. അയാള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
"ഉണ്ണ്യേട്ടാ ആ മുന്‍പിലുള്ള ആംബുലന്‍സില്‍ ശ്യാമേച്ചിയുടെ അച്ച്ചനും ശങ്കുമ്മാമനും ഉണ്ടല്ലോ." ഹരിയുടെ സ്വരം വെള്ളിടിപോലെ അയാളുടെ ചെവിയില്‍ മുഴങ്ങി. ശ്രദ്ധിച്ചു. അതെ മെഡിക്കല്‍ കോളെജ് ആസ്പത്രിയുടെ ആംബുലന്‍സ്. മുന്നിലെ സീറ്റില്‍ അച്ച്ചനും ശങ്കുമ്മാമനും. കൂടുതല്‍ ആലോചിച്ചില്ല. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ കാറില്‍ നിന്ന് ഇറങ്ങിയോടി ആംബുലന്‍സില്‍ ചാടി ക്കയറി. തലകുംബിട്ടിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന അച്ച്ച്ചന്‍. ഉണ്ണിയെ കണ്ടപ്പോള്‍ അയാള്‍ ഒന്നു ഞെട്ടി. "അച്ചാ ശ്യാമ എവിടെ-?'
അയാളില്‍നിന്ന് ഒരാര്‍ത്തനാദ മുയര്‍ന്നു. ഒന്നും മിണ്ടാതെ തളര്‍ന്ന കണ്ണുകളോടെ അച്ച്ചന്‍ ആംബുലന്‍സിന്‍റെ പുറകിലേക്ക് കണ്ണുകളുയര്‍ത്തി. ഒരു നിമിഷം മിന്നല്‍ പിണര്‍ പോലെ ഉണ്ണി ആ കാഴ്ച കണ്ടു- ശുഭ്രവസ്ത്രം കൊണ്ട് മൂടിയ ആ ദേവീ രൂപം. അയാള്‍ക്കൊന്നു ചലിക്കാന്‍ പോലും കഴിഞ്ഞില്ല. ഒരു പ്രതിമ കണക്കെ അയാള്‍ നിന്നു. അയാളുടെ കണ്ണുകളപ്പോള്‍ താന്‍ ഭാരമിറക്കിയ മണലിപ്പുഴയുടെ അഗാധതയിലായിരുന്നു.
2 അഭിപ്രായങ്ങൾ:
ഇടക്കൊരു പാരഗ്രാഫ് ആകാം
നന്ദി ഏറക്കാടന്‍. കഥയില്‍ പല സ്ഥലത്തും പാരഗ്രാഫ് ഉണ്ടായിരുന്നു.
ബ്ലോഗില്‍ എഴുതിയപ്പോള്‍ വേണ്ടത്ര പ്രതിഫലിച്ചില്ല. പരിചയക്കുറവുണ്ട്.
ഏതായാലും അഭിപ്രായത്തിന് വളരെ നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ