Pages

പ്രണയിക്കാന്‍


രചന : ഖാലിദ്‌ കല്ലൂര്‍
സംഗീതം : മുഹ്സിന്‍ കുരിക്കള്‍
ആലാപനം : നൌഷാദ് & ജിംസി ഖാലിദ്‌
ആല്‍ബം : പദനിസ്വനം

സ്നേഹം

കാര്‍ഗില്‍ യുദ്ധകാലം. അവധി കഴിഞ്ഞു തിരിച്ചു വരാന്‍ നേരം യാത്ര പറയാന്‍ ചെന്നതാണ് അടുത്ത സുഹൃത്തിന്‍റെ വീട്ടില്‍. പട്ടാളത്തിലുള്ള സുഹൃത്ത് കാര്‍ഗില്‍ യുദ്ധ രംഗത്താണ്. സമയം സന്ധ്യ കഴിഞ്ഞി രിക്കുന്നു. ചെല്ലുമ്പോള്‍ മുറ്റത്തുള്ള മാഞ്ചുവട്ടില്‍ സുഹൃത്തിന്‍റെ 12 വയസ്സുള്ള മകന്‍ കസേരയില്‍ ഇരിക്കുന്നു. അവന്‍റെ കണ്ണും മനസ്സും അങ്ങ് വിദൂരത്താണ്. അവന്‍റെ മടിയില്‍ അന്നത്തെ പത്രമുണ്ട്. ശവപ്പെട്ടി കുംഭഗോണത്തിന്‍റെ വലിയ തലക്കെട്ടില്‍ കണ്ണുനീര്‍ തുള്ളികള്‍ വീണ് പത്രം നനഞ്ഞിരിക്കുന്നു. മുരടനക്കിയിട്ടും ഞാന്‍ ചെന്നത് അവന്‍ അറിഞ്ഞില്ല. അവന്‍റെ കണ്ണുകള്‍ നീരണിഞ്ഞു നക്ഷത്രം പോലെ തിളങ്ങുന്നു. ഹൃദയം നൊന്തു പോയി. പച്ച പിടിച്ചു നില്‍ക്കുന്ന അന്നത്തെ ഓര്‍മ്മയിലൂടെ അവന്‍റെ മനസ്സ് കാണാന്‍ ശ്രമിക്കയാണ് ഇവിടെ

കാര്‍ഗില്‍ മലകളെ താണ്ടിഎത്തും കുളിര്‍
കാറ്റേ നീ എന്നുടെ അച്ഛനെ കണ്ടുവോ
കാതങ്ങളായിരം അപ്പുറത്തെത്തി നീ
കാതില്‍ ഒരായിരം ഭാവുകമോതിയോ

ജീവനേക്കാളെന്നെ സ്നേഹിക്കുമച്ഛന്‍റെ
ജയ്‌ ജന്മ ഭൂമിയെന്നാക്രോശം കേട്ടുവോ
ജീവനും നാടിന്നു ദാനം കൊടുത്തോര്‍ക്ക്
ജന്മ നാടിന്‍റെ പ്രണാമ മര്‍പ്പിച്ചുവോ

ചിന്നിണം വാര്‍ന്നു കുതിര്‍ന്നോരാ ഭൂമിയില്‍
ചെന്നിട്ടോരുവട്ടം അച്ഛനെ കാണുമോ
ചെവിയില്‍ ഒരിത്തിരി കാര്യങ്ങളെന്‍റെ നീ
ചെല്ലക്കിടാവിന്‍റെ ചൊല്ലായ് പറയുമോ

പെറ്റമ്മയെക്കാളി ഭൂമിയെ ഓര്‍ക്കാന്‍
പടിപ്പിചൊരച്ഛന്‍റെ പൊന്നു മോനെങ്കിലും
പൊയ്മുഖം വയ്യ പതറുന്നു ഞാന്‍ സദാ
പൊയ്പോയ നാളിലെ ഓര്‍മ്മകള്‍ നീറ്റവേ

നിനവില്‍ ഒരായിരം നിറമാര്‍ന്ന സ്നേഹത്തിന്‍
നറുപൂക്കള്‍ എന്നില്‍ വിതറുമച്ഛ
നാടിന്നാ സ്നേഹം പകുക്കുമീ വേളയില്‍
നിരമിഴി കണ്ണുമായ്‌ ഭാവുകങ്ങള്‍

കാരിരു െമ്പന്നു കരുതും കരളിന്‍റെ
കാമ്പിന്‍റെ സൌന്ദര്യ മാരറിഞ്ഞു
കാവല്‍ കിടക്കും ജവാന്‍റെ മനസ്സിന്നു
കാലുഷ്യം ശത്രുവോടൊന്നു മാത്രം

വേപഥു പൂണ്ട മനസ്സിന്‍റെ നൊമ്പരം
വ്യര്‍ത്ഥം എന്നോതുന്നു സര്‍വസ്വവും
വേണ്ട വേണ്ടച്ഛ ആ സ്നേഹം പകുക്കേണ്ട
വയ്യെനിക്കും എന്‍റെ അമ്മയ്ക്കും ഓര്‍ക്കുവാന്‍

കോടമഞ്ഞുരുകുന്ന പര്‍വ്വശൃംഗങ്ങളില്‍
കൂരിരുട്ടിന്‍റെ അപാരതയില്‍
കണ്ണിമക്കാതെയീ മണ്ണുകാക്കുംപോഴും
കാണുന്നതാരുണ്ടീ പുണ്യ കര്‍മ്മം

വാചാലമാകുന്ന വേദാന്തികള്‍ക്കൊക്കെ
വേണ്ടതു വാര്‍ത്തയില്‍ തന്‍റെ ചിത്രം
വേണ്ട വേണ്ടാര്‍ക്കുമീ 'യുദ്ധ തൊഴിലാളി'
വാര്‍ക്കുന്ന ചെന്നിണ ഗാഥയൊന്നും

വേദവും ജാതിയും വേര്‍തിരിച്ചു നമ്മെ
വാളെടുപ്പിക്കുന്ന കാഴ്ചയെങ്ങും
വേരറുക്കുന്ന മനുഷ്യബന്ധത്തിന്‍റെ
വേദനിക്കും ചിത്രമെങ്ങുമെങ്ങും

ഏറെ വിശാലമായ്‌ ചിന്തിച്ചവര്‍ നമ്മള്‍
എന്തെ ഇന്നിത്രക്ക് സ്വാര്‍ത്ഥരായി
ഏറെ ചുരുങ്ങി ഒതുങ്ങുന്നു നാമെങ്ങും
എന്നെ എനിക്കെന്ന വീഷണത്തില്‍

ശാന്തി മന്ത്രത്തിന്‍റെ നാളുകള്‍ ഭൂമിയില്‍
ശാശ്വതമായി കൊഴിഞ്ഞു പോയോ
ശിബിരത്തിലുരുളുന്ന സ്നേഹ കബന്ധങ്ങള്‍
ശാപമോക്ഷം എന്നു നേടുമാവോ

ശുഭ ചിന്തയൊന്നും വരുന്നില്ലെനിക്കിന്നു
ശപ്തമീ ഭീതിത കാഴ്ച കാണ്‍കെ
ശബ്ദമെന്‍ തൊണ്ടയില്‍ കുറുകുന്നു ...ഭൂമിയില്‍
ശാന്തിയെന്നെത്തുമെന്‍ ജഗദീശ്വരാ ...

പട്ടടക്കുള്ളിലെ ധൂമം കണക്കങ്ങു
പൊങ്ങുന്ന കോട മഞ്ഞിന്‍റെ മറകളില്‍
പൊള്ളുന്നൊരുള്ളവും പേറിയീ നാടിന്നായ്‌
പൊരുതുന്നോരച്ചാ ഒരായിരം ഭാവുകം