Pages

വീരാനിക്കാടെ ഗള്‍ഫ്‌ യാത്ര

നിര്‍ഭയം നിരന്തരം വാര്‍ത്തകള്‍ 'കണ്ടെത്തുന്ന' വാര്‍ത്താ ചാനലിലെ ഫ്ലാഷ് ന്യൂസ്‌ കണ്ട ഞങ്ങളുടെ ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഞെട്ടി. "വെടി വീരാന്‍ എന്നറിയപ്പെടുന്ന വീരാന്‍ സ്ഫോടക ശേഖരവുമായി പിടിയില്‍" ഇതായിരുന്നു ഫ്ലാഷിന്‍റെ ചുരുക്കം. കേട്ടവരും കണ്ടവരും മൂക്കത്ത്‌ വിരല്‍ വച്ചു. വീരാനിക്കാക് ഇങ്ങനെയും ഒരു മുഖമോ ? ഉടുത്ത മുണ്ടിനെ വിശ്വസിക്കാന്‍ പറ്റാത്ത കാലം. ചിലര്‍ അടക്കം പറഞ്ഞു.
ഈ ന്യൂസ്‌ വരുന്നതിന്‍റെ തൊട്ടു മുന്‍പുള്ള നിമിഷം വരെ വീരാനിക്ക ഞങ്ങളുടെ ഗ്രാമത്തിനു വളരെ വേണ്ട പെട്ടവനായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിനു കുടി നീര് നല്‍കുന്നവനായിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തിലെ കിണറുകളിലെ കുടി നീരുറവിന്‍റെ നാഡി ഞരമ്പുകള്‍ പാറകെട്ടുകളുടെ ഉള്ളില്‍നിന്ന് വിദഗ്ദ്ധമായി പുറത്തെടുക്കുന്നവനായിരുന്നു. വീരാനിക്ക വെടിവെച്ചാല്‍ ഏതു പാറയും കുലുങ്ങും, ആ കുലുങ്ങിയ പാറ കല്ലുകളോടൊപ്പം പിന്നെ വെള്ളവും കൂടി കോരി എടുത്താല്‍ മതി. പാറയുടെ മര്‍മ്മം നോക്കി ചാച്ചും ചെരിച്ചും തമിരടിച്ചു വെടിയുതിര്‍ക്കുന്ന വീരാനിക്കാടെ ആ പ്രാഗല്‍ഭ്യത്തെ ആദരിച്ച് ഞങ്ങളുടെ ഗ്രാമം ഓമനിച്ച് നല്‍കിയ പേരാണ്‌ വെടി വീരാനിക്ക. ആരെങ്കിലും ആ മാഹാത്മ്യത്തെ പുകഴ്ത്താന്‍ തുടങ്ങിയാല്‍ വീരാനിക്ക വിനയപൂര്‍വ്വം പറയും-
"ഞമ്മള് സുബ്ഹീം നിസ്കരിച്ച് ബിസ്മീം ചൊല്ലി അങ്ങട് തൊടങ്ങും. പിന്നെ ഒക്കെ പടച്ചോന്‍റെ ൈഹറാ. മന്സംമാരുക്ക് വെള്ളം കുടിക്കണ്ട കാര്യല്ലേ പടച്ചോന്‍ വേലങ്ങനെ നിക്ക്വോ"
ഈ വീരാനിക്കയാണ് "പിടിയിലായത്‌". അറിഞ്ഞവര്‍ ചിലര്‍ 'മുങ്ങി'. ചിലര്‍ ഞാന്‍ ആ നാട്ടുകാരനേ അല്ല എന്ന മട്ടില്‍ ധൃതിക്കാരായി. ചുരുക്കം ചിലര്‍ തഞ്ചത്തില്‍ വീരാനിക്കാടെ വീടര് ബീബിത്താടെ അടുത്തെത്തി. കരയാനല്ലാതെ മറ്റൊന്നിനും അറിഞ്ഞുകൂടാത്ത ബീബിത്താടെ വായില്‍നിന്നു ജനം മനസ്സിലാക്കിയതിങ്ങനെ-
കഷ്ടപ്പാട്‌ കാരണം ഗള്‍ഫില്‍ പോകാന്ന് കരുതി മൂപ്പര് ഒരു പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. ഉച്ചക്ക് ഏതോ പോലീസ് ഏമാന്‍ അന്വേഷിക്കാന്‍ വന്നു. വന്നിട്ട് എന്താ പേരെന്ന് ചോതിച്ചു. മൂപ്പര് വീരാന്‍ എന്ന് പറഞ്ഞു. പിന്നെന്താ " വീരന്‍" എന്ന കള്ളപ്പേരില്‍ പാസ്പോര്‍ട്ട്‌ ഒപ്പിക്കാന്‍ ശ്രമിച്ചത്‌ എന്നായി പോലീസ് ഏമാന്‍. ഞമ്മക്ക് എഴുത്തും വായനയും ഒന്നും അറിയില്ലെന്നും ഫോറം പൂരിപ്പിച്ചത് ഞമ്മളല്ലെന്നും വീരാനിക്ക. പോലീസ് ഏമാന് അത്‌ പിടിച്ചില്ല. അങ്ങേര് മാറിനിന്ന് ഫോണിലൂടെ എന്തൊക്കെയോ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോഴേക്കും വല്ല്യ ഏമാമ്മാരൊക്കെ കുതിച്ചെത്തി. മൂപ്പരെ വലിച്ച് ജീപ്പിലെക്കിട്ടു. ഒക്കെ തപ്പി തെരഞ്ഞപ്പോ അന്ത്രുക്കാടെ കിണറ്റില് വെടിവെക്കാന്‍ കൊണ്ട് വെച്ചിരുന്ന തോട്ടയും തിരയും കക്കൂസിന്‍റെ എരായില്‍ നിന്ന് കിട്ടി. പിള്ളാരുടെ കയ്യെത്താത്ത വിധത്തില്‍ മൂപ്പര് അവിടെ കൊണ്ട് വച്ചിരുന്നതാ. ബീബിത്താടെ ചങ്കു പൊട്ടി.
ഞങ്ങളുടെ ഗ്രാമക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. പക്ഷെ അത് മനസ്സിലാക്കാന്‍ എല്ലാവരുടെയും കണ്ണുകളപ്പോള്‍ എല്ലാം മനസ്സിലായ നിര്‍ഭയം നിരന്തരം വാര്‍ത്തകള്‍ "കണ്ടെത്തുന്ന" ചാനലിലൂടെ ഫ്ലാഷ് ആയി ഒഴുകുന്ന ഭീകര വാദിയെ കുറിച്ചുള്ള ഫ്ലാഷ് ന്യൂസിലായിരുന്നു

1 അഭിപ്രായം:

lijeesh k പറഞ്ഞു...

ഗാലിദിക്ക,
ചില കുറ്റവാളികള്‍ സ്രിഷ്ടിക്കപ്പെടുന്നതിങ്ങനെയാണ്...
വീരാനിക്കയുടെ കഥ കേട്ടപ്പോള്‍ ദുഃഖം തോന്നി...